നിങ്ങൾ സംസാരിക്കുമ്പോൾ അടുത്തുള്ളവർ നീങ്ങി നിൽക്കുമോ?

നിങ്ങൾക്ക് വായ്നാറ്റമുണ്ടെന്ന് കണ്ടെത്തിയാൽ അതിന്റെ കാരണമാവണം ആദ്യം കണ്ടെത്തേണ്ടത്. കൂടുതൽ കേസുകളിലും വായ്നാറ്റത്തിനു കാരണം വായയ്ക്കുള്ളിലുള്ള പ്രശ്നങ്ങളായതിനാൽ ഒരു ദന്തരോഗ വിദഗ്ധനെ സന്ദർശിക്കുന്നത് ഗുണകരമായിരിക്കും.

ഫിസിയോളജിക് ഹലിറ്റോസിസും (Physiologic halitosis) ഓറൽ പതോളജി ഹലിറ്റോസിസും (oral pathology halitosis) സ്യൂഡോ ഹലിറ്റോസിസും (Pseudo-halitosis) ഒരു ദന്തരോഗ വിദഗ്ധനു കൈകാര്യം ചെയ്യാവുന്നതാണ്. വായയുമായി ബന്ധമില്ലാത്ത രോഗം മൂലമുള്ള വായ്നാറ്റം (Extra-oral pathologic halitosis) ഒരു ഫിസിഷ്യനു ചികിത്സിക്കാൻ കഴിയും. എന്നാൽ, ഹലിറ്റോ ഫോബിയയുടെ (Halitophobia) ചികിത്സക്ക് ഒരു മനോരോഗ വിദഗ്ധന്റെ സേവനം തേടേണ്ടതാണ്.

നാവ് വൃത്തിയാക്കൽ: ഫിസിയോളജിക്കൽ ഹലിറ്റോസിസിനു പ്രധാന കാരണം നാവിന്റെ പിൻ ഭാഗമാണ്. ഇവിടെ അഴുക്ക് അടിയുന്നതു കാരണമാവാം വായ്നാറ്റമുണ്ടാവുന്നത്. ഈ കേസുകളിൽ നാവ് വൃത്തിയാക്കുന്നതാണ് ഫലപ്രദം. ചെറിയ ടംഗ് ബ്രഷുകൊണ്ടോ കുട്ടികളുടെ ടൂത്ത് ബ്രഷുകൊണ്ടോ മൃദുവായി വൃത്തിയാക്കാനാണ് ശുപാർശചെയ്യുന്നത്. മുതിർന്നവരുടെ ടൂത്ത് ബ്രഷും ടംഗ് ക്ലീനറും നാവ് വൃത്തിയാക്കാൻ ഉപയോഗിക്കാം. എന്നാൽ മൃദുവായി വേണമെന്ന് മാത്രം. നാവിന്റെ ഉപരിതലത്തിന് കേടുവരുമെന്നതിനാൽ അമർത്തി ഉരയ്ക്കരുത്.

ദന്തസംരക്ഷണപരമായ മാർഗങ്ങൾ: വായുടെ പ്രശ്നമാണ് വായ്നാറ്റത്തിനു കാരണമെങ്കിൽ ദന്തരോഗ വിദഗ്ധനെ സന്ദർശിച്ച് ചികിത്സ തേടേണ്ടതാണ്. നിങ്ങളുടെ ദന്തരോഗ വിദഗ്ധൻ ഇനി പറയുന്ന കാര്യങ്ങൾ ശുപാർശ ചെയ്തേക്കാം

പല്ലിനുള്ള ചികിത്സ: പ്ലേഖ് നീക്കംചെയ്യാൻ നിങ്ങളുടെ ഡോക്ടർ പല്ല് ക്ലീൻ ചെയ്തേക്കാം. കേടുവന്ന പല്ലുകൾ മാറ്റിവയ്ക്കാൻ ഉപദേശിച്ചേക്കാം. മോണരോഗമുണ്ടെങ്കിൽ അതിനായി മോണരോഗ വിദഗ്ധനെ സന്ദർശിക്കാനുള്ള ശുപാർശയും നൽകിയേക്കാം മൗത്ത് വാഷുകളും ടൂത്ത്പേസ്റ്റും: പല്ലിൽ ബാക്ടീരിയ വളരുന്നതു കാരണമാണ് വായ്നാറ്റം ഉണ്ടാകുന്നതെന്ന് കണ്ടെത്തിയാൽ ആന്റിമൈക്രൊബിയൽ (സിങ്ക്, ക്ലോറെക്സിഡൈൻ, ഹൈഡ്രജൻ പെറോക്സൈഡ് തുടങ്ങിയവ അടങ്ങിയിട്ടുള്ള) മൗത്ത് വാഷുകളോ ടൂത്ത് പേസ്റ്റുകളോ ശുപാർശ ചെയ്തേക്കാം.

ഇനി പറയുന്ന പ്രകൃതിദത്തമായ വസ്തുക്കൾ ചവയ്ക്കുന്നതിലൂടെ താൽക്കാലികമായി വായ്‌നാറ്റത്തെ നിയന്ത്രിക്കാൻ സാധിക്കും ഏലയ്ക്ക, ശതകുപ്പ, പെരും‌ജീരകം, ഗ്രാമ്പൂ, കറുവാപ്പട്ട, പാർസ്ളി ഇല, പാൽ: ഒരു സ്പൈസി ആഹാരത്തിനു ശേഷം വായിൽ നിന്ന് വെള്ളുള്ളിയുടെ ഗന്ധം ഇല്ലാതാക്കണമെങ്കിൽ ഒരു ഗ്ളാസ് പാൽ അല്ലെങ്കിൽ കൊഴുപ്പ് കൂടുതലുള്ള മറ്റ് ഉൽപ്പന്നങ്ങളും വെള്ളവും കുടിച്ചാൽ മതിയാകും. വെള്ളുത്തുള്ളി കഴിക്കുന്നതിനു മുമ്പ് പാൽ അല്ലെങ്കിൽ കൊഴുപ്പ് കൂടുതലുള്ള ഉത്പന്നങ്ങളും വെള്ളവും കുടിക്കുന്നത് അതിന്റെ ഗന്ധം ഇല്ലാതാക്കാൻ കൂടുതൽ ഫലപ്രദമായ വഴിയാണെന്ന് ഒരു പഠനത്തിൽ പറയുന്നുണ്ട്

ചുംബിക്കൽ: സൂക്ഷ്മാണുക്കളുടെ എണ്ണത്തിൽ വ്യത്യാസം വരുത്തി വായ്നാറ്റം ഇല്ലാതാക്കാനുള്ള മറ്റൊരു വഴിയാണ് നിങ്ങൾ പങ്കാളിയുമായി ചുംബനത്തിൽ ഏർപ്പെട്ട് നല്ല ബാക്ടീരിയകളെ വായിലെത്തിക്കുന്നത് എന്ന് ഡോ. സീമന്തിനി ദേശായി (എം ഡി) അഭിപ്രായപ്പെടുന്നു. 10 സെക്കൻഡ് നീളുന്ന ഒരു ചുംബനത്തിലൂടെ ഏകദേശം 80 ദശലക്ഷം ബാക്ടീരിയകൾ കൈമാറ്റം ചെയ്യപ്പെടുന്നുവെന്ന് നെതർലഡിൽ നടന്ന ഒരു പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.